Tuesday, December 17, 2019

ചിലരിങ്ങനെയാണ് ..

ചിലരിങ്ങനെയാണ് ..
ഭംഗിയുള്ള വല നെയ്യും ,
എല്ലാ ജ്യാമിതീയ നിയമങ്ങളെയും വെല്ലുന്ന കൃത്യതയിൽ.
എന്നിട്ടതിനൊരു മൂലയിൽ കാത്തിരിപ്പാണ്.
വലയിൽ തട്ടിയെന്നുറപ്പായാൽ
വരിഞ്ഞു മുറുക്കാൻ തുടങ്ങും ;
കുരുങ്ങിയാൽ പിന്നെ ഊറ്റാനും ,
പതുക്കെ പതുക്കേ ..
ചോര, മജ്ജ, മാംസം .. അങ്ങനെ അങ്ങനെ.
തൊണ്ട് ആയെന്നുറപ്പായാൽ
പിടിവിടുകയായി
ജഡമായവർ വലയിൽ കുരുങ്ങിയാടി,
നോക്കുകുത്തിയായി ....

ചിലരിങ്ങനെയാണ് ..
ഒപ്പമുണ്ടാകും എപ്പോഴും,
നടപ്പിലും എടുപ്പിലും ഇരുപ്പിലും നില്പിലും
നിഴലായി ..
പക്ഷെ പുറകിലെപ്പോഴും
പാതി തീർന്നൊരു തുരങ്കം
പതുങ്ങിയിരിപ്പുണ്ടാവും ,
ഗുഹയുടെ ലാഞ്ചന തരാതെ
ഓർക്കാപ്പുറത്താവും വീഴുന്നതും ,
തുരങ്കം അടയുന്നതും ,
ഒന്നുമറിയാത്ത മട്ടിലവർ നീങ്ങുന്നതും .

ചിലരിങ്ങനെയാണ് ...
നമ്മുടെ അഭിമാനമാണവർ;
നമ്മൾ അവരുടേതും.
തൊട്ടു തൊട്ടു നില്കും പ്രശസ്തിയിൽ .
തേന്മഴപൊഴിക്കും വാക്കുകളിൽ
മഴയിലവരും നനയുകയും.
പാറിപ്പറക്കുമ്പോൾ ചിറകിനടിയിൽ ഉണ്ടാവും;
ഈച്ച പോലെ പറ്റി ചേർന്ന് .
ഒരുവട്ടം പറന്നിറങ്ങാൻ .
അനുവദിക്കാതെ ..
ചിറകു തളർന്നെന്നുറപ്പായാൽ
പതിയെ അടർന്നു മാറും ,
പറന്നകലും ..മറ്റേതോ ചിറകു പറ്റിച്ചേർന്ന്

ചിലരിങ്ങനെയുമാണ്  ...
ഒരു കൈ അകലത്തുണ്ടാവും
ഒരു ചിരി പകരുന്നുണ്ടാവും
ഓരോ ചിരിയും പകർത്തുന്നുണ്ടാവും
ചിറകു നീര്ത്തി പറക്കുമ്പോൾ
തെല്ലകലെ പറക്കുന്നുണ്ടാവും
ചിറകു തളരാതെ കാക്കുന്നുണ്ടാവും
തളർന്നിരുന്നാൽ തെളിനീരുമായി
കാത്തിരിക്കുന്നുണ്ടാവും
മിഴി തുളുമ്പുമ്പോൾ ചേർന്നിരിക്കുന്നുണ്ടാവും  
നിശബ്ദതയിൽ ഒന്നിച്ചലിയുന്നുണ്ടാകും
കാലിടറുമ്പോൾ താങ്ങുന്നുണ്ടാവും
യാത്രയിലൊക്കെയും കൈകൾ കൊരുത്ത്
ഓരോ ചുവടിലും പൂക്കൾ വിരിയിച്ച്‌
നൃത്തമാടി അകലുന്നുണ്ടാവും..
 മറ്റാരുമില്ലാത്ത മറ്റേതുമില്ലാത്ത ലോകത്തേക്ക് .

 -published in 2019

ഭഗവതി പടിയിറങ്ങുമ്പോൾ

പിച്ച വച്ചപ്പോഴേ പഠിച്ചതാണ് 
കൈ കൂപ്പുവാന് - 
എല്ലാം അമ്പോറ്റി തരുമെന്ന് !
അച്ഛനേം അമ്മയേം കുഞ്ഞിനേം 
അടുത്ത വീട്ടിലെ കുട്ടനേം 
കാത്തോളുമെന്നും .

സന്ധ്യക്ക് വച്ച വിളക്ക് 
മുത്തശ്ശി മടിയിൽ നാമജപം 
സങ്കടങ്ങൾ തീർപ്പാക്കുമെന്ന് !

പിന്നീടങ്ങോട്ട്  -
പെണ്ണുങ്ങൾ വിളക്ക് വയ്ക്കണമെന്ന് .
പെണ്ണുങ്ങൾ വിളക്ക് തേക്കണമെന്ന് !
ദൈവത്തോട് അടുക്കുകയല്ലേ ,

കാര്യം പറയാനൊരാളായല്ലോ ..
..തല്ലു കൊള്ളിക്കരുതേ 
ചീത്ത കേൾപ്പിക്കരുതേ 
പരീക്ഷയിൽ ജയിപ്പിക്കണേ 
പഠിപ്പിച്ചു വലിയ ആളാക്കണേ ..
ചുവന്ന കണ്ണുള്ള ആളെ ഭയന്നോടി,
രക്ഷിക്കണേ എന്നലറുമ്പോൾ ,
കാത്തോളണേ ദൈവേ! എന്നും കൂടി  ..

തിങ്ങി നിറഞ്ഞ ശകടത്തിൽ 
തൂങ്ങിയാടുന്ന നിസ്സഹായതയിൽ 
അധിനിവേശങ്ങളെ ഭയന്ന് 
ദേഹം ചുരുണ്ടൊളിക്കുമ്പോൾ 
കാത്തോളണേ എന്ന് നെഞ്ചിടിപ്പ്  !
എന്തും പറയാനൊരാൾ ..!

അറിയാതെത്തിയ ചോരപ്പാടിൽ 
ഭയന്ന് വിളറിയ നിൽപ്പിൽ ,
"നീ പെണ്ണായെന്ന്‌ ;"
സൂക്ഷിക്കണമെന്നും! 
ആരെയെന്നറിയാതമ്പരന്ന്  ..

എന്തായാലെന്ത്- 
കാത്തോളുമല്ലോ  ..

കച്ചവടമുറപ്പിച്ച്‌ 
അയാളുടെ വീട്ടുകാർ 
പടിയിറങ്ങുമ്പോൾ ,
പഠിച്ചാളാവാനാവില്ലെന്നു  
വിതുമ്പുമ്പോൾ ,
രക്ഷിക്കണേ എന്നാർത്തു 
നടയിൽ വീഴുമ്പോൾ  
ആശിച്ചു കൈവിടില്ലെന്ന് ..

ഭാരമൊഴിപ്പിച്ച് കുടിയിറക്കി വീട്ടുകാർ !
ദൈവാധീനമാണെന്ന് നാട്ടുകാർ !
വലതുകാൽ വച്ച് കയറണമെന്ന് ..
ഭഗവതിയാണത്രെ -
കുടിയിരുത്താൻ !
-- ദൈവത്തോടടുത്ത്  ..

കച്ചവടത്തിലെ കണക്കുപിശകിൽ 
പിന്നത് മൂധേവിയായതും  ;
വിലവീണ്ടും പേശിയതും ..

സിരകളെ പുണർന്ന് പാഞ്ഞ 
വേദനയിൽ 
അനാഥയായി 
ആരുമില്ലാത്തിടത്ത് ,

അലറി !ദൈവമേ എന്ന് !..

ഇടങ്ങളിൽ നിന്ന് 
കുടിയിറക്കിയവരെ തിരഞ്ഞലഞ്ഞ്
ഒടുവിൽ ..
  
"നീ പെണ്ണാണെന്ന് -
നിനക്ക് അശുദ്ധി എന്ന് -
കുത്തിവച്ചത് ,
നിന്നെ വിറ്റത് ,
നിന്നെ വാങ്ങിയത് ,
ശാപവാക്കുകൾ കൂരമ്പായെറിഞ്ഞത് ,
കവിളിൽ തിണർത്ത പാടേകിയത് ,
കാൽക്കീഴിൽ ഞെരിച്ചമർത്തിയത് ,
സഹനം ഭൂഷണമെന്ന് പറഞ്ഞ്  
മുഖം തിരിച്ചത് ,
ആരുമല്ലാതാക്കിയത് ,
ആരുമില്ലാതാക്കിയത് .."

ഒന്ന് പോലും 
ദൈവമല്ലെന്ന 
ഉൾവിളിയിൽ 
ഭഗവതി പടിയിറങ്ങി ..

മനുഷ്യനെ തിരഞ്ഞ് ..

 -published in 2018

അക്ഷരപ്പെൺബലൂൺ

ശലഭമാക്കും  
മുത്തങ്ങളിൽ 
അപ്പൂപ്പൻ താടി പോൽ   
തങ്ങിപ്പൊങ്ങി തുടക്കം .

താങ്ങിയ കൈകളിൽ  
വീഴാതെ  പിച്ച വച്ച് ..

ആമോദ ബലൂൺ,
ഉണർന്നുയർന്.

വിരൽത്തുമ്പ് 
നീട്ടിയ വഴി.
നിലയുറച്ച്  
പാറിപ്പറന്ന്  
തോടും വരമ്പും 
കുന്നും മലകളും 
ചാടിക്കടന്ന് ..

ഉയർന്നുണർന്
അജ്ഞത മുറിച്  
അക്ഷരം  നിറച്
ആമോദ  ബലൂണ് 

ഉരുണ്ടു പരന്ന ഭൂമിക്ക്  
അതിരു തേടി 
നനഞ്ഞ മണ്ണും 
നനുത്ത കാറ്റും 
മലർമണവും കോരി  
കുളിരരുവികളളന്ന്   
അതിരു കടന്ന്  
ആകാശക്കിളിവാതിൽ  കടന്ന് 

അക്ഷര  ബലൂൺ  ..

ഇത്രഉയരെ ഇത്രദൂരെ 
പറക്കേണ്ടെന്
ഒന്നാം കുത്ത് 

അക്ഷരവെട്ടം വീശി 
ആടിയുലഞ് താഴ്ന്നു പറന്ന് 
അക്ഷര ബലൂൺ. 

പെണ്ണെന്ന പേരിൽ 
അടുത്ത കുത്ത്! 

അക്ഷരവെട്ടം ആഞ്ഞു വീശി.
ആകാശം സൂര്യനായി; 
ഭൂമി ചന്ദ്രനും.
രാവില്ലാതായി. 

അക്ഷരബലൂൺ 
പാറിപ്പറന്ന് . 

പിന്നോരോ കുത്തിലും 
വെളിച്ചം വിതറി 
പെണ് ബലൂൺ!

അഴകുള്ള വെളിച്ചം. 
തീ പാറും വെളിച്ചം. 
തിളക്കും ലാവ 
പരത്തും വെളിച്ചം. 
തണുത്ത രാവിൽ മിന്നാമിന്നി 
തെളിക്കും വെളിച്ചം. 
കാട്ടുചോലകളിൽ 
പാൽ നിലാവ് 
തളിക്കും വെളിച്ചം.  
കറുത്ത പാറക്കെട്ടിൽ 
ഇരുണ്ട രാത്രി പൊഴിക്കും   
നക്ഷത്ര തെളിച്ചം.
അരണ്ട മനസ്സ് 
തുരന്നെത്തും 
അക്ഷരതെളിച്ചം. 

രാവ്  മുറിച്ച് ,
പകൽ തെളിച്ച് .
അക്ഷരപ്പെൺബലൂൺ 


- published in 2017

ഒറ്റക്കാവുകയാണ് ..

​​
നിരത്തിലെങ്ങും 
മനുഷ്യർ 
നിരനിരയായി ,
കലപില കൂട്ടി 
കാത്ത് നിൽപ്പാണ് ..

അഷ്ടിക്ക് വകയില്ലാ
തൊരിടത്ത് 
അടക്കാനാവാത്ത ആഹ്ലാദം 
അതിരു കടത്തുന്നു 
വേറൊരിടത്ത്  
ഒതുക്കാനാവാത്ത വേദന 
ഒഴുക്കിവിടാനും അതേ ഇടത്ത് 

അവകാശമേറെയെന്നും 
ലംഘനമതിലേറെയെന്നും 
മറ്റൊരിടത്ത് .

അതിർത്തികളിൽ വെടിവെപ്പാണ് ,
പറ്റുന്നിടങ്ങളിൽ പൊട്ടിത്തെറിയും .
തമ്മിൽത്തമ്മിൽ കൊലയാണ് ;
ചേർന്ന് നിന്നാൽ വെറുപ്പാണ് .

വഴി മാറി വീടണഞ്ഞാൽ 
ഒറ്റക്കൊറ്റക്കവിടവിടെ 
ഇരുപ്പാണ് ;
കൈയിലുണ്ടാവുമോരോ 
കുന്ത്രാണ്ടവും .
അച്ഛനമ്മമാർ 
അച്ഛനും അമ്മയ്ക്കും 
വഴി മാറിയതാണ് .

ഇരുട്ടാണ് 
വെളിച്ചത്തും ;
കണ്ണടച്ച് 
ഇരുട്ടാക്കുകയാണ് .
നിറയെ വെള്ളമാണെങ്ങും ,
എന്നാൽ  
നിലമെല്ലാം 
വരണ്ടതും.
ശ്വസിക്കാൻ വായുവുണ്ട് 
പക്ഷെ  
ശ്വസിക്കുന്നത് 
വിഷമാണ്  .

ഒറ്റക്കാവുകയാണ് -
കുട്ടികളില്ലാതെ  കുട്ടിക്കാലം ,
ആരവമില്ലാതെ  മൈതാനം ,
കുടുംബമില്ലാതെ വീട് ,
രാഗമില്ലാതെ  ബന്ധങ്ങൾ   
കൂട്ടത്തിൽ 
ശൂന്യമായ 
ഹൃദയവും .

നിലവിളിയോടെ .

-Published in2016