Friday, November 12, 2010

എന്‍ മഴ

തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തൂന്നരുവിയായ് ഒഴുകിയീ
പുതു മണ്ണിന്‍ ദാഹത്തി ന്നറുതിയായെന്‍ മഴ

   നിഴലായി മഴ പിന്നെ കാറ്റായി മഴ
   എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
  ചിരിയായി മഴ കുഞ്ഞു ചിന്തയായും തിങ്ങി
  നിറയുന്ന മനസ്സിന്റെ സ്ഫുരണമായും മഴ

നോവിന്റെ ഈണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായ നോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്ന് ചേരുന്ന കടലായി ഒരു മഴ

പറയുവാന്‍ ഏറെയുണ്ടെന്ന് ഞാന്‍ മഴയോട്
പറയാതെ തന്നെ ഒട്ടറിയുമെന്നീ മഴ  
അറിയാതെ ഒഴുകുന്നതറിവായി ഒഴുകുന്ന
തൊരു കൊച്ചു നൂലായി പൊഴിയുന്ന  എന്‍ മഴ

Wednesday, November 03, 2010

ദൈവം

ആരോ കോറിയ വരകള്‍ക്കും മൊഴികള്‍ക്കുമിടയില്‍,എനിക്ക്
പറയുവാന്‍ ഏറെയുണ്ടായിരുന്നു
ഞാനവ എന്നിലേക്ക് ചൊരിഞ്ഞു;
നിറഞ്ഞു കവിയുമ്പോള്‍ നിന്നിലേക്കും.
തിരുത്തുകില്ലെന്നും,
തിരിച്ചൊന്നും പറയുകില്ലെന്നും,
ഞാനറിഞ്ഞിരുന്നു. 
  നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു ;
  നീയെനിക്ക് മിത്രമായിരുന്നു !
പിന്നീട് ..
സഹനത്തിന്റെ പാതയില്‍ വഴി മുട്ടിയപ്പോള്‍ 
നീയെനിക്ക് തണലേകി ;
പീഡനങ്ങളില്‍ തുണയായി ;
 നിന്റെ വഴിയിലെ ത്യാഗവും 
മിഴിയിലെ കരുണയും
എന്റെ വഴികള്‍ക്ക് കരുത്തേകി;
     എന്റെ കാലുകള്‍ ഇടറിയില്ല,
     എന്റെ പാപങ്ങള്‍  നീ ശിരസ്സിലേറ്റി;
     നീയെനിക്ക് മിശിഹയായിരുന്നു!
നോക്കിനില്‍കെ അവര്‍, 
നിന്നെയും  വലിച്ചിഴച്ച്   മല  കയറി;   
നിന്നെയവര്‍  കുരിശില്‍ തറച്ചു.      

അതോ... നിന്നെയും കൊണ്ട് അവര്‍ 
ഏത ശ്രീകോവിലില്‍ ആണ് കയറിയത്!
ഉച്ചത്തില്‍ മന്ത്രങ്ങള്‍!
നിന്റെ കാലുകള്‍ അഷ്ടബന്ധത്തില്‍ ഉറക്കുകയാണോ ?
നീ ശിലയായി മാറിയോ... 
ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്;
പീഡനങ്ങള്‍ ചുമലില്‍ കുരിശായെന്നെ
തളര്‍ത്തുന്നു..
എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,
മൊഴികള്‍ എനിക്ക് നഷ്ടമായി;
ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും.. 


Friday, September 24, 2010

രണ്ട് കാലുകള്‍.

അവ ഓടുകയായിരുന്നു ; രണ്ട് കാലുകള്‍ ..
കല്ലും മുള്ളും കുണ്ടും കുഴിയും താണ്ടി ,
ഒരേ വേഗത്തില്‍, നഗ്നരായി..

മുറിപ്പാടുകള്‍ തഴമ്പുകളായി ..
കാലുകള്‍ വേദന  അറിയാതെയും .
 വെയില്‍  മൂത്തെന്നും  ചൂടേറിയെന്നും 
മഴയുറച്ചെന്നും  തണുപ്പരിച്ചെന്നുമൊക്കെ  
ശരീരം  പരാതിപ്പെടുന്നുണ്ടായിരുന്നു
പക്ഷെ ...
കാലുകള്‍ ;അവ നിര്‍ദയരായി  നീങ്ങി ,
വെയില്‍  മാഞ്ഞിറങ്ങിയ  സന്ധ്യയിലേക്കും ,
പിന്നെ  ഇരുട്ടിലേക്കും ..
അടുത്ത  പ്രഭാതത്തില്‍ ,
അതേ  വേഗത്തില്‍,
പുറത്തേക്കും.
ഉറക്കം  തൂങ്ങുന്ന  ശരീരവും  ചുമന്നു ..
...
ആദ്യം  അടര്‍ന്നു  വീണത്
കാലുകള്‍ക്ക്  ഒട്ടും  വേണ്ടാത്ത  തല  ആയിരുന്നു
പിന്നെയും  ഓരോരോ  ഭാഗങ്ങള്‍ ..
ഒടുവില്‍ ..
കാലുകള്‍ .. തനിച്ചായി ..
എന്നിട്ടും  അവ ഓടിക്കൊണ്ടേയിരുന്നു ...

Friday, July 16, 2010

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍...

ലഹരിയായെന്നില്‍ നുരയാറുണ്ട്

ഞാനത് നുണയാറും

    വെളിച്ചം നിഴലായി വീഴും

    നിശബ്ദ വഴിയില്‍ തനിച്ചിരിക്കുമ്പോള്‍

    നനുത്ത വിരലാലെന്‍ ചുമലില്‍

    പതുക്കെ തൊട്ടു നില്‍ക്കാറുണ്ടത്

ഇടയുന്ന അക്ഷരങ്ങളില്‍

ഇരുണ്ട രാത്രി നിഴല്‍ വിരിക്കുമ്പോള്‍

അലിയും വാക്കിന്‍ കുളിര്‍ നിലാവായ്‌

പതുങ്ങി വരാറുണ്ടത്

    അഴികള്‍ക്ക് കുറുകെ പെയ്യും മഴനൂലുകള്‍ക്ക്

    കടം കഥയുമെറിഞ്ഞു

    തണുത്തു നില്‍ക്കുമ്പോള്‍

    കനലിന്‍ സ്നേഹചൂടായെന്നെ

    പതിയെ വരിഞ്ഞു നില്‍ക്കാറുണ്ടത്

വരണ്ട ചൂടിലുരുകുമ്പോള്‍

പെയ്തിറങ്ങും മഞ്ഞായും

ചുരുണ്ട് ശീതത്തില്‍ ഉറയ്ക്കുമ്പോള്‍

ഉരുക്കും ചോരച്ചൂടായും

അറിയാറുണ്ടതിനെ..

     ....എങ്കിലും അത് തന്നെ ..

     ലാവയായെന്നെ ചുട്ടു പൊള്ളിച്ചതും .

Monday, January 11, 2010

അവര്‍ ..

ചിന്ത കവരുന്നവര്‍
വാക്കും വരിയും മുറിച്ചോടുന്നവര്‍്
പിന്തിരിയാനൊരു വഴി പോലും
ബാക്കി വക്കാതടിവേരറുക്കുന്നവര്
നേരിന്‍ പൊരുള്‍ മാറ്റിക്കുറിക്കുന്നവര്
അരണ്ട തിരിവെട്ടത്തിന്നതിര് ചെത്തുന്നവര്‍
കുത്തിയാലും കുന്തം കൊടുക്കാത്തവര്‍
വലുതും ചെറുതും അല്ലാതിടയിലുമല്ലാത്തവര്
വലം തിരിഞ്ഞാലിടവും
ഇടം തിരിഞ്ഞാല്‍ വലവും
കടന്നെടുക്കുന്നവര്‍
അധികമായി പറയുന്നില്ലിവിടെ
ഞാനുണ്‍്ട് ഉണ്ണാതുറങ്ങാതെ.