Tuesday, October 15, 2013

ഒറ്റക്കൊരു കിളി

ഉച്ചക്കൊരൊറ്റ മരക്കൊമ്പില്
ഒറ്റക്കൊരു കിളി
 പാടാതെയും മിഴിയനക്കാതെയുമെന്നെ
 നോക്കി നോക്കിയത് .. 

അടുത്ത് ബാങ്ക് വിളി മുഴങ്ങിയതും
ഉഷ്ണക്കാറ്റൊരു ചില്ലയെ 
ഊതി വീഴ്ത്തി പ്പാഞ്ഞതും
ചില്ലയിലൊരു കൂടതി ല്  നിന്ന്  
ചിറക് മുളക്കാത്തൊരു കിളി 
മണല് പൊരിയുന്ന തറയില് 
വീണുരുണ്ട് മരിച്ചതും  

നിഴലിലെവിടെയോ തണുവു തേടി 
പ്പരതിപ്പതുങ്ങിയെത്തിയ ഗര്ഭിണി പ്പൂച്ച 
പതിയെയാക്കിളിയെ കടിച്ചെടു 
ത്തകലെ മറഞ്ഞതും 

 ദൂരത്ത് സൈറണ്‍  മുഴക്കി പ്പാഞ്ഞ ആശുപത്രി വാഹന
 മടുത്തെത്തി വീണ്ടുമകന്നതും
തൊട്ടടുത്ത നിരത്തിലറബിപ്പയ്യന്മാർ
 പൊരിവെയിലിൽ കൂട്ടുകൂടി 
പന്തുരുട്ടിക്കളിച്ചതും..

പുറകിലെ തൊടിയിൽ 
ആസ്ബസ്റ്റൊസ് കൂരയിൽ 
വിയര്ത്തൊലിച്ചൊരു  മനുഷ്യജീവൻ 
ഇറ്റു തണുപ്പിനായൊരു കടലാസ് കാറ്റിനെ 
ആർത്തിയോടടുക്കി പിടിച്ചതും  

തൊട്ടടുത്തൊരു ഭക്ഷണപ്പുരയിൽ 
ചൂടടുക്കിയ ചൂളയിൽ 
നൊടിയിടയിൽ കുബ്ബൂസുകൾ മൊരിഞ്ഞിറങ്ങിയതും
 മാവുരുട്ടിപ്പരത്തി ചൂളയിലാക്കുന്ന
 ലബനീസ് പയ്യനിലൂടൊരു വിയര്പ്പ് പുഴ
ശിവന് ഗംഗ പോലൊഴുകിയിറങ്ങിയതും

  തളര്ന്നുറങ്ങുമൊരുപറ്റം  കുഞ്ഞുങ്ങളെയുമേന്തി
 ഒരു പള്ളിക്കൂടവണ്ടി
 ഉരുണ്ടുരുണ്ട് ചുവടെ വന്നു നിന്നതും
 പൊരിവെയിലിൽ കാത്തു നിന്ന അമ്മമാരതിൽ ഓടിക്കയറി 
വാടിയോരോ കുരുന്നിനെയും 
വേതാളത്തെയെന്നപോൽ തോളിലേറ്റി
നടന്നകന്നതും 

 ഇത്രയുമൊക്കെയായിട്ടുമെന്തേ 
ഈ കിളി എന്നെത്തന്നെ നോക്കി നോക്കി 
പാട്ട് പാടാതെയും മിഴിയനക്കാതെയും
 പൊരിവെയിലിൽ ചുട്ടുപൊള്ളി 
ഒറ്റമരക്കൊമ്പിൽ 
ഒറ്റക്കങ്ങനെ..  

( ചന്ദ്രിക വാര്ഷിക പതിപ്പ് -2013)