Tuesday, December 17, 2019

ചിലരിങ്ങനെയാണ് ..

ചിലരിങ്ങനെയാണ് ..
ഭംഗിയുള്ള വല നെയ്യും ,
എല്ലാ ജ്യാമിതീയ നിയമങ്ങളെയും വെല്ലുന്ന കൃത്യതയിൽ.
എന്നിട്ടതിനൊരു മൂലയിൽ കാത്തിരിപ്പാണ്.
വലയിൽ തട്ടിയെന്നുറപ്പായാൽ
വരിഞ്ഞു മുറുക്കാൻ തുടങ്ങും ;
കുരുങ്ങിയാൽ പിന്നെ ഊറ്റാനും ,
പതുക്കെ പതുക്കേ ..
ചോര, മജ്ജ, മാംസം .. അങ്ങനെ അങ്ങനെ.
തൊണ്ട് ആയെന്നുറപ്പായാൽ
പിടിവിടുകയായി
ജഡമായവർ വലയിൽ കുരുങ്ങിയാടി,
നോക്കുകുത്തിയായി ....

ചിലരിങ്ങനെയാണ് ..
ഒപ്പമുണ്ടാകും എപ്പോഴും,
നടപ്പിലും എടുപ്പിലും ഇരുപ്പിലും നില്പിലും
നിഴലായി ..
പക്ഷെ പുറകിലെപ്പോഴും
പാതി തീർന്നൊരു തുരങ്കം
പതുങ്ങിയിരിപ്പുണ്ടാവും ,
ഗുഹയുടെ ലാഞ്ചന തരാതെ
ഓർക്കാപ്പുറത്താവും വീഴുന്നതും ,
തുരങ്കം അടയുന്നതും ,
ഒന്നുമറിയാത്ത മട്ടിലവർ നീങ്ങുന്നതും .

ചിലരിങ്ങനെയാണ് ...
നമ്മുടെ അഭിമാനമാണവർ;
നമ്മൾ അവരുടേതും.
തൊട്ടു തൊട്ടു നില്കും പ്രശസ്തിയിൽ .
തേന്മഴപൊഴിക്കും വാക്കുകളിൽ
മഴയിലവരും നനയുകയും.
പാറിപ്പറക്കുമ്പോൾ ചിറകിനടിയിൽ ഉണ്ടാവും;
ഈച്ച പോലെ പറ്റി ചേർന്ന് .
ഒരുവട്ടം പറന്നിറങ്ങാൻ .
അനുവദിക്കാതെ ..
ചിറകു തളർന്നെന്നുറപ്പായാൽ
പതിയെ അടർന്നു മാറും ,
പറന്നകലും ..മറ്റേതോ ചിറകു പറ്റിച്ചേർന്ന്

ചിലരിങ്ങനെയുമാണ്  ...
ഒരു കൈ അകലത്തുണ്ടാവും
ഒരു ചിരി പകരുന്നുണ്ടാവും
ഓരോ ചിരിയും പകർത്തുന്നുണ്ടാവും
ചിറകു നീര്ത്തി പറക്കുമ്പോൾ
തെല്ലകലെ പറക്കുന്നുണ്ടാവും
ചിറകു തളരാതെ കാക്കുന്നുണ്ടാവും
തളർന്നിരുന്നാൽ തെളിനീരുമായി
കാത്തിരിക്കുന്നുണ്ടാവും
മിഴി തുളുമ്പുമ്പോൾ ചേർന്നിരിക്കുന്നുണ്ടാവും  
നിശബ്ദതയിൽ ഒന്നിച്ചലിയുന്നുണ്ടാകും
കാലിടറുമ്പോൾ താങ്ങുന്നുണ്ടാവും
യാത്രയിലൊക്കെയും കൈകൾ കൊരുത്ത്
ഓരോ ചുവടിലും പൂക്കൾ വിരിയിച്ച്‌
നൃത്തമാടി അകലുന്നുണ്ടാവും..
 മറ്റാരുമില്ലാത്ത മറ്റേതുമില്ലാത്ത ലോകത്തേക്ക് .

 -published in 2019

No comments: