Friday, June 24, 2011

കറുത്ത പുഴ..

താളുകള്‍ മറിയുമ്പോള്‍
പുസ്തകം തിന്നു മുടിക്കുമ്പോള്‍
പ്രതീക്ഷയായിരുന്നു
വളരും എന്ന്
വളര്‍ന്നു മാനം മുട്ടും എന്ന് ..
കാലുകള്‍ വിശ്രമമില്ലാതോടുമ്പോള്‍
ഓട്ടത്തില്‍ തട്ടി വീഴുമ്പോള്‍
പൊടി തട്ടി വീണ്ടും ഓടുമ്പോള്‍
ഉത്സാഹമായിരുന്നു  
തളരാതെ വളരും എന്ന്
തൊട്ടത് തീ ആയപ്പോള്‍
തട്ടിയത് കനല്‍ ആയപ്പോള്‍
കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍
വിശ്വാസമായിരുന്നു
വെയിലത്ത് വാടില്ല എന്ന്..
നിറഞ്ഞ സ്നേഹം തുറന്നൊഴുക്കുമ്പോള്‍ 
പുഴയായതൊഴുകി,പുഴകളാല്‍ നിറയുമ്പോള്‍ 
മതിപ്പായിരുന്നു
ഒഴുക്കിന് ഒടുക്കമുണ്ടാവില്ലെന്നു ..

പിന്നീടെപ്പോഴോ
ഒടുക്കവും തുടക്കവുമില്ലാതെ
മതിപ്പും മതിയുമില്ലാതെ
മരവിച്ച് മരിച്ചങ്ങനെ..
പുഴയിലേക്ക് ..

കറുത്ത പുഴയിലേക്ക് .. 

(ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉദ്ഘാടന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )