Friday, November 12, 2010

എന്‍ മഴ

തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തൂന്നരുവിയായ് ഒഴുകിയീ
പുതു മണ്ണിന്‍ ദാഹത്തി ന്നറുതിയായെന്‍ മഴ

   നിഴലായി മഴ പിന്നെ കാറ്റായി മഴ
   എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
  ചിരിയായി മഴ കുഞ്ഞു ചിന്തയായും തിങ്ങി
  നിറയുന്ന മനസ്സിന്റെ സ്ഫുരണമായും മഴ

നോവിന്റെ ഈണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായ നോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്ന് ചേരുന്ന കടലായി ഒരു മഴ

പറയുവാന്‍ ഏറെയുണ്ടെന്ന് ഞാന്‍ മഴയോട്
പറയാതെ തന്നെ ഒട്ടറിയുമെന്നീ മഴ  
അറിയാതെ ഒഴുകുന്നതറിവായി ഒഴുകുന്ന
തൊരു കൊച്ചു നൂലായി പൊഴിയുന്ന  എന്‍ മഴ

Wednesday, November 03, 2010

ദൈവം

ആരോ കോറിയ വരകള്‍ക്കും മൊഴികള്‍ക്കുമിടയില്‍,എനിക്ക്
പറയുവാന്‍ ഏറെയുണ്ടായിരുന്നു
ഞാനവ എന്നിലേക്ക് ചൊരിഞ്ഞു;
നിറഞ്ഞു കവിയുമ്പോള്‍ നിന്നിലേക്കും.
തിരുത്തുകില്ലെന്നും,
തിരിച്ചൊന്നും പറയുകില്ലെന്നും,
ഞാനറിഞ്ഞിരുന്നു. 
  നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു ;
  നീയെനിക്ക് മിത്രമായിരുന്നു !
പിന്നീട് ..
സഹനത്തിന്റെ പാതയില്‍ വഴി മുട്ടിയപ്പോള്‍ 
നീയെനിക്ക് തണലേകി ;
പീഡനങ്ങളില്‍ തുണയായി ;
 നിന്റെ വഴിയിലെ ത്യാഗവും 
മിഴിയിലെ കരുണയും
എന്റെ വഴികള്‍ക്ക് കരുത്തേകി;
     എന്റെ കാലുകള്‍ ഇടറിയില്ല,
     എന്റെ പാപങ്ങള്‍  നീ ശിരസ്സിലേറ്റി;
     നീയെനിക്ക് മിശിഹയായിരുന്നു!
നോക്കിനില്‍കെ അവര്‍, 
നിന്നെയും  വലിച്ചിഴച്ച്   മല  കയറി;   
നിന്നെയവര്‍  കുരിശില്‍ തറച്ചു.      

അതോ... നിന്നെയും കൊണ്ട് അവര്‍ 
ഏത ശ്രീകോവിലില്‍ ആണ് കയറിയത്!
ഉച്ചത്തില്‍ മന്ത്രങ്ങള്‍!
നിന്റെ കാലുകള്‍ അഷ്ടബന്ധത്തില്‍ ഉറക്കുകയാണോ ?
നീ ശിലയായി മാറിയോ... 
ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്;
പീഡനങ്ങള്‍ ചുമലില്‍ കുരിശായെന്നെ
തളര്‍ത്തുന്നു..
എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,
മൊഴികള്‍ എനിക്ക് നഷ്ടമായി;
ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും..