Thursday, January 26, 2012

നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍

അന്ന് ..
എന്റെ മിഴികള്‍ക്ക് നീല നിറം ;
നനുത്ത സ്വപ്നങ്ങളുടെ..
വിടര്‍ന്ന ആകാശത്തിന്റെ...
എന്റെ വെളുത്ത കുപ്പായം നിറയെ
പല നിറത്തിലുള്ള പൂക്കളും.

ഇരുളും വെളിച്ചവും ഇണ ചേരുന്ന സന്ധ്യകളില്‍
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പകര്‍ന്നു .
ആഴിയുടെ നീലിമയിലെക്ക് ചാഞ്ഞിറങ്ങുന്ന
വാനം നോക്കി
അവ വാരി വിതറി.
പല ഛ യകളിലുള്ള നിറ ക്കൂട്ട് കളായവ
പറന്ന് .. പറന്ന് ..

നോക്കിയിരിക്കെ ,
അവക്ക് നിറഭേദം ..
ആകൃതി നഷ്ടപ്പെട്ട്,
അലിഞ്ഞലിന്ജ്.....
അവ തീര്‍ത്തും ഇല്ലാതായി. 
ഇരുള്‍ പരന്നു.
എന്റെ മിഴിനീലയില്‍
നീരുറയുന്നത്‌ , 
ഞാനറിഞ്ഞു ..

എന്നിട്ടും,
വീണ്ടും വീണ്ടും
ഞാന്‍ നട്ടു...
എന്റെ സ്വപ്‌നങ്ങള്‍.
നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍ .
നഷ്ടപ്പെടാനല്ലാതെ ...

ഇന്ന്...
എന്റെ കണ്ണുകള്‍
നനവുള്ള സന്ധ്യകളില്‍
ആകാശത് സ്വപ്നങ്ങല്‍ തേടി ..
നിറമുള്ള ഒരു ചിത്രമെങ്കിലും തിരന്ജ് ...
പക്ഷെ ..
പ്രതീക്ഷയുടെ കണിക പോലും തരാതെ
ആകാശം കറുത്ത പുതപ്പു മൂടിയ വൃദ്ധയെപ്പോല്
കുനിഞ്ഞു വിറച്ചിരുന്നു ...
എന്റെ കറുത്ത മരണവും കാത്ത് ..

(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റിപ്പബ്ലിക് ദിന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ) 

Wednesday, January 25, 2012

കാറ്റ് ചെയ്തത് ...

തണുത്തൊരു കാറ്റു
പതുങ്ങി വന്നതും...
നുണക്കുഴിയുള്ള
 കവിള്‍ത്തടങ്ങളെ

പതിയെ തൊട്ടുഴി
  ഞ്ഞകന്നു  പോയതും..
വെളുത്ത  പൂവിന്റെ
 നനുത്ത  സൌരഭം
മതിയേ  ലാളിച്ചു
തിരികെ വന്നതും....
പൊതി യഴിഞ്ഞൊരു
  പരിഭവ ക്കെട്ടില്‍
  പനിമതിച്ചാറിന്‍
  കുളിര് പെയ്തതും...


  തണുത്ത കാറ്റൊന്നു
 കുണുങ്ങി വന്നതും...
കുസൃതി കാട്ടുന്ന
  കുറുനിരകളെ
  അരുമയായ് കോതി
അരികെ  നിന്നതും..

അകന്നു മാറുമ്പോ
ളൊരു മുളംകാടിന്‍
മധുര മര്മരം
പകര്‍ന്നു തന്നതും ...

  തണുത്തൊരു കാറ്റ്
  പതുങ്ങി വന്നതും..
പരുങ്ങി നിന്നതും..
തുടുത്ത ജീവനില്‍
  ചുരുണ്ടിറങ്ങിയാ
  തുടിക്കും കാറ്റുമായ്‌

 പറന്നകന്നതും..
അടങ്ങി നിന്നൊരു
  നിലവിളിയെട്ടു
  ദിഗന്തം
പൊട്ടുമാ
  റുയര്‍ന്നതും.... പിന്നെ
 അലറി ക്കൊണ്ടൊരാ
  തണുത്ത മേനിയില്‍
അടര്‍ന്നു വീണതും...
ഞെരിക്കും ഓര്‍മ്മകള്‍ ....


(news@2pm ല പ്രസിദ്ധീകരിച്ചത് )