Friday, June 24, 2011

കറുത്ത പുഴ..

താളുകള്‍ മറിയുമ്പോള്‍
പുസ്തകം തിന്നു മുടിക്കുമ്പോള്‍
പ്രതീക്ഷയായിരുന്നു
വളരും എന്ന്
വളര്‍ന്നു മാനം മുട്ടും എന്ന് ..
കാലുകള്‍ വിശ്രമമില്ലാതോടുമ്പോള്‍
ഓട്ടത്തില്‍ തട്ടി വീഴുമ്പോള്‍
പൊടി തട്ടി വീണ്ടും ഓടുമ്പോള്‍
ഉത്സാഹമായിരുന്നു  
തളരാതെ വളരും എന്ന്
തൊട്ടത് തീ ആയപ്പോള്‍
തട്ടിയത് കനല്‍ ആയപ്പോള്‍
കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍
വിശ്വാസമായിരുന്നു
വെയിലത്ത് വാടില്ല എന്ന്..
നിറഞ്ഞ സ്നേഹം തുറന്നൊഴുക്കുമ്പോള്‍ 
പുഴയായതൊഴുകി,പുഴകളാല്‍ നിറയുമ്പോള്‍ 
മതിപ്പായിരുന്നു
ഒഴുക്കിന് ഒടുക്കമുണ്ടാവില്ലെന്നു ..

പിന്നീടെപ്പോഴോ
ഒടുക്കവും തുടക്കവുമില്ലാതെ
മതിപ്പും മതിയുമില്ലാതെ
മരവിച്ച് മരിച്ചങ്ങനെ..
പുഴയിലേക്ക് ..

കറുത്ത പുഴയിലേക്ക് .. 

(ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉദ്ഘാടന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Sunday, May 01, 2011

ജലം

ആകാശം ഭൂമി തുരന്നു നിറച്ചത് ...
പെയ്തൊഴുക്കി നിറച്ചത് ..

വലിച്ചെടുത്ത് ശുദ്ധീകരിച്ച് വീണ്ടും നിറയ്ക്കുന്നത്...


ഉള്ളുരുകും നോവില്‍ ഭൂമി ഉരുക്കിയിറക്കുന്നത്...

ഉള്ളറിയാ മര്‍ത്യന്‍ ‍ ചങ്ക് കുത്തിയൊഴുക്കുന്നത്

കുത്തിയാലും ഭൂമി വീണ്ടും ഒഴുക്കുന്നത് ..


ഉടല് നിറഞ്ഞത്‌..

വറ്റി വരളുമ്പോള്‍ വീണ്ടും നിറയ്ക്കുന്നത്..

നിറച്ചാലും വീണ്ടും വറ്റുന്നത് ..


കണ്‍ നിറഞ്ഞ് ഒഴുകിയിറങ്ങുന്നത്..

ഒഴുകിയാലും വീണ്ടും നിറയുന്നത്..

ഉറവ വറ്റാതൊഴുക്കുന്നത് ..

Sunday, February 27, 2011

സ്നേഹം

(കവിത-ആലാപനം)

ഒരു വിരല്ത്തുമ്പിലൂടൊഴുകി വന്നെത്തുന്ന  
മൃദുകര  സ്പര്‍ശമാം കവിത പോലെ
അകതാരിലാനന്ദ തിരകള്‍ ഉതിര്ത്തുകൊ 
ണ്ടലസമായെത്തുന്ന പ്രണയം പോലെ     

കുളിര്‍ മന്ദ ഹാസത്തിന്‍ ചാരുതയേന്തുന്ന   
നയന മനോജ്ഞമാം മലര് പോലെ
ഹിമ ബിന്ദു  പേറുന്നോരിതളിന്റെ ചുണ്ടില്‍ നി
ന്നടരുന്ന മധുരമാം മധുവും പോലെ

കുളിരുള്ള കാറ്റ് വന്നലിവായ് തലോടുമ്പോള്‍,
ഹൃദയം ചുരത്തുന്ന പുളകം പോലെ
മഴമുകില്‍ മാനത്ത് കളിയാടി നില്‍ക്കുമ്പോള്‍     
മതിമറന്നാടും മാമയില് പോലെ 

ഇരുളിന്റെ നിറുകയില്‍ സിന്ദൂരമേകുന്ന
പകലിന്റെ വിരഹമാം സന്ധ്യ പോലെ
ഒരു പിഞ്ചു പൈതലിന്‍ വദനം പൊഴിക്കുന്ന
കറയറ്റൊരാ മൃദുഹാസം പോലെ

നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന
കനിവിന്‍ സുഖ ശീതളിമ പോലെ 
ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും    
പറയുവാനാവാത്തതെന്റെ സ്നേഹം. 

composed and sung by: Dr.Vimal
orchestration : ibnu siraj





Saturday, February 05, 2011

ഭ്രാന്തി

നാലും കൂടിയ കവല,കോണില്‍
തിങ്ങിക്കൂടിയ ജനത ;ആര്‍ത്തു ചിരിച്ചു പുലമ്പിക്കൊണ്ടേ
നില്‍പ്പൂ നടുവില്‍ ഭ്രാന്തി ..

"കവിളുകള്‍ ഒട്ടു  കുഴിഞ്ഞിട്ടുണ്ടെന്‍
മുടി മൊത്തം ജടയാണേ..  
ചുണ്ടുകളാകെ വരണ്ടതുമാണെന് 
മുതുകും കൂനിയതാണേ..

കരയാനെന്നേ മറന്നുപോയ്‌ ഞാന്‍ 
പറയാനൊന്നേ ഉള്ളു;
പല്ലുകളെട്ടും  കുറവുന്ടെന്നുടെ
നെഞ്ച് കലങ്ങും ചിരിയില്‍..

വരണ്ട ചൂടും കനത്ത മഞ്ഞും
കലര്ന്നതേയെന്‍  ജന്മം; 
എന്നാല്‍, ചുരുണ്ട ദേഹം തരിമ്പു പോലും
തളരുന്നില്ലീ ചൂടില്‍..

ഇരന്നു വാങ്ങുമൊരുറുപ്പികക്ക് 
കിടക്കുകില്ലൊരു ചായ;
തരുന്നതാകില്‍ പകര്ന്നതൊക്കെ
ചിരട്ടയിന്മേലാണേ ..
മുഷിഞ്ഞു നാറിയ ചേലത്തുണ്ടെന്
ഉടഞ്ഞ ദേഹം പൊതിയാന്‍.. പക്ഷെ
തുളഞ്ഞു കയറും നോട്ടത്തില്‍ എന്‍
ചുരുണ്ട ദേഹവുമുരുകും..

ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..!

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ .........."