Friday, October 12, 2012

സഖി


പിരിഞ്ഞു പോയൊര 
കുരുന്നു പക്ഷികള്‍
കവര്‍ന്ന സ്നേഹത്തിന്
തണലില്‍ 
ഞാനിന്ന്  അലയുന്നെങ്കിലും 
അറിയുന്നു നീയെന്‍ 
അരികിലെന്നതും 
അകലെയല്ലതും 

അകലും സ്നേഹത്തിന്‍
കനലില്‍ 
പൊള്ളു മ്പോള്‍ 
കുളിരും തൂമഞ്ഞായ്
ഹൃദയം തന്നു നീ 
അറിയുന്നു ഞാനിന്നറിയുന്നു നീയെന്‍ ‍
അരികിലെന്നതും പിരിയില്ലെന്നതും 

 ഒടുവിലെന്റെയീ 
കളിമരക്കൊമ്പില്‍
 ഉറഞ്ഞ ചില്ല യില്‍ ‍ 
കുരുന്നു കൂടതില്
 ചിനു ചിനെ പെയ്യും
 മഴയിലങ്ങോളം
 തുളുമ്പും സ്നേഹത്തിന്‍ 
പളുങ്ക് പാത്രത്തില്
 ഉറവ വറ്റാത്ത 
ഹൃദയവും പിടിച്ചരികെ നീയെന്റെ 
 അരികെ  തന്നെയായിരിക്കുകെൻ  സഖീ                                                   

    http://www.youtube.com/watch?v=KqGpbYRzMfE

അറിവ്
കൂട്ടിലടക്കപ്പെടുമ്പോള്‍ 

കൈകാലിളക്കി കളിക്കുകയായിരുന്നു 
മുഷ്ടി ചുരുട്ടിയെ റിഞ്ഞ്,  പല്ലില്ലാ മോണ  കാട്ടി..  

കണ്ണുകളില്‍ നിറഞ്ഞ കുതൂഹലം . 
നനുത്ത പാദങ്ങളി ലെ കുഞ്ഞു വിരലുകള്‍  
ചാരുതയേറിയ ചിത്ര ത്തൂണുകളില്‍
നിറയെ ചിത്രങ്ങ ളെഴുതി 
മച്ചിലെ ആഭയാര്ന്ന അലങ്കാരങ്ങള്‍ 
എന്നെ ആവേശഭരിതയാക്കി 
ശബ്ദമുള്ള ചിരിക ളാ യി അത് 
തൂണുകളില്‍ പ്രതിധ്വനിച്ചു 

ഞാന്‍ തനിച്ചല്ലെ ന്നെനിക്ക് തോന്നി ,
കൂടിന്റെ ഉറപ്പില്‍ മതിപ്പും.  
ഞാന്‍ സുരക്ഷിതയായിരുന്നു .. വളരുകയും !
ഇടക്കെപ്പോഴോ  കൂടിനു ഉയരം പോരാതായി ,
കുനിഞ്ഞ  തലക്ക് മുന്നില്‍
അത് വെറുമൊരു തോന്നലും ‍ !
എന്റെ അറിവ് വളരുകയായിരുന്നു ..ഞാനും 
 
കൂടാവട്ടെ ചെറുതും . 
 
ഒടുവില്‍ ചിത്രത്തൂണുകള്‍ 
പൊടിഞ്ഞു തുടങ്ങി 

ആകൃതിയില്ലാത്ത ഞാന്‍ അതിനുള്ളില്‍ 
ഞെരിഞ്ഞമര്‍ന്നു . 

പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു , സുരക്ഷിതയും . 
ഒന്നും ചെയ്യുവാനില്ലാത്ത ഞാന്‍ വീണ്ടും വളര്‍ന്നു . 

തൂണുകള്‍ ഇടിഞ്ഞു ..ശരീരം പുറത്തേക്ക് .. 
ഒടിഞ്ഞ എല്ലുകള്‍ നിവര്ത്താനാവാത്ത ദേഹത്തില്‍ 
നോക്കുകുത്തികള്‍ !
കാലുകള്‍ നിലത്തുറ ച്ചില്ല . 
 
കണ്ണുകളിലെ കുതൂഹലം ഭയത്തിനു വഴിമാറി. 
അരക്ഷിത ബോധം നീരാളി പോല്‍ എന്നെ
വരിഞ്ഞു മുറുക്കി 
 
ചിറകറ്റ കിളിക്കുഞ്ഞു പോല്‍ ഞാന്‍ തളര്‍ന്നിരുന്നു, 
നിസ്സഹായയായി . 
പെട്ടെന്ന് എവിടെ നിന്നോ രണ്ടു കഴുകന്‍ കാലുകള്‍ ഊര്‍ന്നിറങ്ങി 
എന്റെ ശരീരവും തൂക്കി എങ്ങോട്ടോ അപ്രത്യക്ഷമായി .  

Friday, July 20, 2012

കാഴ്ചകള്‍ ഒന്നുമില്ല

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.
നരച്ച ആകാശം,
അതിലെവിടെയോ വിളറിച്ചിരിച്ച് ,
കിഴവനെപ്പോലെ,
നര വീണ മിഴികളാല്‍ ഭൂമിയെ തിരഞ്ഞ്, സൂര്യന്‍.

സ്വന്തമായി ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടി,
ചുട്ടുപൊള്ളി, ഭൂമി,
മജ്ജ തുളഞ്ഞിറങ്ങിയ കുഴല്കളുമായി
മരണാസന്നയായി ആശുപത്രിക്കിടക്കയില്‍;
ഊറ്റിയെടുത്ത ജീവജലം വിറ്റ്
മതിയോടെ മദിച്ച മനുഷ്യന്റെ തടവില്‍.

നിറമില്ലാത്ത ഇലകളുമായി
അനാഥരെ പോല്‍ മരപ്രേതങ്ങള്‍
കണക്കുപുസ്തകം വരച്ചൊരുക്കിയ വഴികളില്‍
സമയനിഷ്ടയോടെ ഇറ്റുന്ന
അമൃത കണങ്ങള്‍ കാത്ത്.

ചൂടില്‍ നിന്ന് ചൂടിലേക്ക്
ചൂടും കൊണ്ടോടുന്ന
അനുസരണയില്ലാത്ത തന്തോന്നിക്കാറ്റ്.

ഒട്ടും ആവശ്യമില്ലാത്ത ചിറകുകളും തൂക്കി,
ശീതീകരണ യന്ത്രങ്ങളില്‍ ചേക്കേറി,‍
പാടാനും പറക്കാനുമാവാതെ
ഉഷ്ണത്തിന് അടയിരിക്കുന്ന  പറവകള്‍  

ഭൂമിയെ തൊടാത്ത സൂര്യനെ നോക്കാത്ത
ഇലകള്‍ തലോടാത്ത കുളിര്‍ കാറ്റ് കൊള്ളാത്ത
കിളിനാദം കേള്‍കാത്ത കുറെ യന്ത്ര മനുഷ്യര്‍
ശകടങ്ങളില്‍ നിന്നു ശകടങ്ങളിലെക്ക്.

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.  


(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Friday, February 03, 2012

സായുധ വിപ്ലവം അടുക്കളയില്‍ നിന്ന്..

തിളങ്ങുന്ന മലക്കറിക്കത്തി
ഉറയില്‍ നിന്ന് വലിച്ചൂരി
അരം കൊണ്ട് മൂര്‍ച്ച കൂട്ടി,
ഒരു പടലയില്‍ നിന്ന് പാവം രണ്ടു നേന്ത്രക്കായ
ഉരിഞ്ഞെടുത്ത്
നീളത്തില്‍ പിളര്ന്ന്,
പിന്നെ വട്ടത്തില്‍ അരിഞ്ഞ് ...
കണ്ണ് കുത്തണ എരിവുള്ള രണ്ടു പച്ചമുളക്
നീളത്തില് വലിച് കീറി,
എണ്ണ പുരട്ടി ചുട്ടു പഴുപ്പിച്ച ചീനചട്ടിയിലേക്ക്
വലിച്ചെറിഞ്ഞ്, ‍
പുളയുന്ന അവര്‍ക്ക് നേരെ ഉപ്പുവെള്ളവും
കലക്കിഎറിഞ്ഞ്......
ഒടുവില്‍
..വെറും ഒരു മെഴുക്കു പുരട്ടി യാക്കി
ഇലയുടെ മൂലയിലേക്ക് ‍ ...
  

Thursday, January 26, 2012

നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍

അന്ന് ..
എന്റെ മിഴികള്‍ക്ക് നീല നിറം ;
നനുത്ത സ്വപ്നങ്ങളുടെ..
വിടര്‍ന്ന ആകാശത്തിന്റെ...
എന്റെ വെളുത്ത കുപ്പായം നിറയെ
പല നിറത്തിലുള്ള പൂക്കളും.

ഇരുളും വെളിച്ചവും ഇണ ചേരുന്ന സന്ധ്യകളില്‍
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പകര്‍ന്നു .
ആഴിയുടെ നീലിമയിലെക്ക് ചാഞ്ഞിറങ്ങുന്ന
വാനം നോക്കി
അവ വാരി വിതറി.
പല ഛ യകളിലുള്ള നിറ ക്കൂട്ട് കളായവ
പറന്ന് .. പറന്ന് ..

നോക്കിയിരിക്കെ ,
അവക്ക് നിറഭേദം ..
ആകൃതി നഷ്ടപ്പെട്ട്,
അലിഞ്ഞലിന്ജ്.....
അവ തീര്‍ത്തും ഇല്ലാതായി. 
ഇരുള്‍ പരന്നു.
എന്റെ മിഴിനീലയില്‍
നീരുറയുന്നത്‌ , 
ഞാനറിഞ്ഞു ..

എന്നിട്ടും,
വീണ്ടും വീണ്ടും
ഞാന്‍ നട്ടു...
എന്റെ സ്വപ്‌നങ്ങള്‍.
നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍ .
നഷ്ടപ്പെടാനല്ലാതെ ...

ഇന്ന്...
എന്റെ കണ്ണുകള്‍
നനവുള്ള സന്ധ്യകളില്‍
ആകാശത് സ്വപ്നങ്ങല്‍ തേടി ..
നിറമുള്ള ഒരു ചിത്രമെങ്കിലും തിരന്ജ് ...
പക്ഷെ ..
പ്രതീക്ഷയുടെ കണിക പോലും തരാതെ
ആകാശം കറുത്ത പുതപ്പു മൂടിയ വൃദ്ധയെപ്പോല്
കുനിഞ്ഞു വിറച്ചിരുന്നു ...
എന്റെ കറുത്ത മരണവും കാത്ത് ..

(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റിപ്പബ്ലിക് ദിന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ) 

Wednesday, January 25, 2012

കാറ്റ് ചെയ്തത് ...

തണുത്തൊരു കാറ്റു
പതുങ്ങി വന്നതും...
നുണക്കുഴിയുള്ള
 കവിള്‍ത്തടങ്ങളെ

പതിയെ തൊട്ടുഴി
  ഞ്ഞകന്നു  പോയതും..
വെളുത്ത  പൂവിന്റെ
 നനുത്ത  സൌരഭം
മതിയേ  ലാളിച്ചു
തിരികെ വന്നതും....
പൊതി യഴിഞ്ഞൊരു
  പരിഭവ ക്കെട്ടില്‍
  പനിമതിച്ചാറിന്‍
  കുളിര് പെയ്തതും...


  തണുത്ത കാറ്റൊന്നു
 കുണുങ്ങി വന്നതും...
കുസൃതി കാട്ടുന്ന
  കുറുനിരകളെ
  അരുമയായ് കോതി
അരികെ  നിന്നതും..

അകന്നു മാറുമ്പോ
ളൊരു മുളംകാടിന്‍
മധുര മര്മരം
പകര്‍ന്നു തന്നതും ...

  തണുത്തൊരു കാറ്റ്
  പതുങ്ങി വന്നതും..
പരുങ്ങി നിന്നതും..
തുടുത്ത ജീവനില്‍
  ചുരുണ്ടിറങ്ങിയാ
  തുടിക്കും കാറ്റുമായ്‌

 പറന്നകന്നതും..
അടങ്ങി നിന്നൊരു
  നിലവിളിയെട്ടു
  ദിഗന്തം
പൊട്ടുമാ
  റുയര്‍ന്നതും.... പിന്നെ
 അലറി ക്കൊണ്ടൊരാ
  തണുത്ത മേനിയില്‍
അടര്‍ന്നു വീണതും...
ഞെരിക്കും ഓര്‍മ്മകള്‍ ....


(news@2pm ല പ്രസിദ്ധീകരിച്ചത് )