Monday, July 06, 2009

'വിശപ്പ്'

പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും
അസ്തമിച്ചു..
ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ഡവും പേറി ഭിക്ഷാടനത്തിന്..

ഒന്നും കൊടുക്കാനില്ലാത്തവരും
ഒന്നും വാങ്ങാനില്ലാത്തവരും
കൂട്ടിക്കിഴിച്ച്ച കണക്കുകളില്‍
എന്റെ വിശപ്പിന്റെ വിളി കുരുങ്ങി കിടന്നു..നിശബ്ദമായി

സങ്കലനവും വ്യവകലനവും
ഗുണനവും ഹരണവും
വികൃതമാക്കിയ ശരീരങ്ങള്‍്
എന്നെ കടന്നുപോയി.
ചോര ഇററാത്ത അവ എന്നെ അത്ഭുതപെടുത്തിയെന്കിലും
ആ വഴിയിലേക്ക്‌ തന്നെ ഞാനും ..

എന്നെയറിയാത്ത, ഞാനറിയാത്ത, വഴിയിലെങ്ങും
ആരും ആരെയും അറിയില്ലെന്നത് എന്നെ ഒറ്റപ്പെടുത്തി.
താന്‍ ആരെന്നു ചോദിയ്ക്കാന്‍ മറ്റാരുമില്ലാത്ത വഴിയില്‍
എല്ലാവരും താന്‍ ആരെന്ന് പറഞ്ഞുകൊണ്ടേയിരുന്നു

ഉറക്കെച്ചിരിച്ച എന്നെ കടന്നുപോയ
മുഷിഞ്ഞ മണമുള്ള വരണ്ട ഉഷ്ണക്കാറ്റു
ഉരസി മുറിപ്പെടുത്തിയിട്ടും
ഒഴുകിയിറങ്ങിയ ചോരക്ക്‌ മണമില്ലാതിരുന്നതാണ്
എന്നെ ആശങ്കപ്പെടുത്തിയത് .

ക്ഷീണിച്ച ഞാന്‍ ഉറങ്ങാന്‍ രാത്രി അന്വേഷിചെന്കിലും
വെളിച്ചത്തിന്ടെ നിറങ്ങള്‍ മാറിമറിഞ്ഞ വഴിയിലെങ്ങും
കറുത്ത വെളിച്ചത്തിനു ഇടമില്ലായിരുന്നു

തല ചായ്ക്കാന്‍ തണല്‍ തേടിയ ഞാന്‍
ഓടുന്ന മരങ്ങളുടെ ഓടിപ്പോകുന്ന നിഴലിനു
ഒപ്പമെത്താനാവാതെ തല കുനിച്ചു.

പിന്നീടെപ്പോഴോ വീണുപോയ എന്നെഭു‌മിക്കും വേണ്ടാതായി,
അസ്തിത്വമില്ലാതായ ഞാന്‍
ഭാരമുള്ള എന്റെ ശരീരവും താങ്ങി
എങ്ങോട്ടെന്നറിയാതെ ...........