(കവിത-ആലാപനം)
ഒരു വിരല്ത്തുമ്പിലൂടൊഴുകി വന്നെത്തുന്ന
മൃദുകര സ്പര്‍ശമാം കവിത പോലെ
അകതാരിലാനന്ദ തിരകള്‍ ഉതിര്ത്തുകൊ
ണ്ടലസമായെത്തുന്ന പ്രണയം പോലെ
കുളിര് മന്ദ ഹാസത്തിന് ചാരുതയേന്തുന്ന
നയന മനോജ്ഞമാം മലര് പോലെ
ഹിമ ബിന്ദു പേറുന്നോരിതളിന്റെ ചുണ്ടില്‍ നി
ന്നടരുന്ന മധുരമാം മധുവും പോലെ
കുളിരുള്ള കാറ്റ് വന്നലിവായ് തലോടുമ്പോള്‍,
ഹൃദയം ചുരത്തുന്ന പുളകം പോലെ
മഴമുകില്‍ മാനത്ത് കളിയാടി നില്ക്കുമ്പോള്
മതിമറന്നാടും മാമയില് പോലെ
ഇരുളിന്റെ നിറുകയില്‍ സിന്ദൂരമേകുന്ന
പകലിന്റെ വിരഹമാം സന്ധ്യ പോലെ
ഒരു പിഞ്ചു പൈതലിന് വദനം പൊഴിക്കുന്ന
കറയറ്റൊരാ മൃദുഹാസം പോലെ
നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന
കനിവിന് സുഖ ശീതളിമ പോലെ
ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും
പറയുവാനാവാത്തതെന്റെ സ്നേഹം.
composed and sung by: Dr.Vimal
orchestration : ibnu siraj