Tuesday, December 17, 2019

ഭഗവതി പടിയിറങ്ങുമ്പോൾ

പിച്ച വച്ചപ്പോഴേ പഠിച്ചതാണ് 
കൈ കൂപ്പുവാന് - 
എല്ലാം അമ്പോറ്റി തരുമെന്ന് !
അച്ഛനേം അമ്മയേം കുഞ്ഞിനേം 
അടുത്ത വീട്ടിലെ കുട്ടനേം 
കാത്തോളുമെന്നും .

സന്ധ്യക്ക് വച്ച വിളക്ക് 
മുത്തശ്ശി മടിയിൽ നാമജപം 
സങ്കടങ്ങൾ തീർപ്പാക്കുമെന്ന് !

പിന്നീടങ്ങോട്ട്  -
പെണ്ണുങ്ങൾ വിളക്ക് വയ്ക്കണമെന്ന് .
പെണ്ണുങ്ങൾ വിളക്ക് തേക്കണമെന്ന് !
ദൈവത്തോട് അടുക്കുകയല്ലേ ,

കാര്യം പറയാനൊരാളായല്ലോ ..
..തല്ലു കൊള്ളിക്കരുതേ 
ചീത്ത കേൾപ്പിക്കരുതേ 
പരീക്ഷയിൽ ജയിപ്പിക്കണേ 
പഠിപ്പിച്ചു വലിയ ആളാക്കണേ ..
ചുവന്ന കണ്ണുള്ള ആളെ ഭയന്നോടി,
രക്ഷിക്കണേ എന്നലറുമ്പോൾ ,
കാത്തോളണേ ദൈവേ! എന്നും കൂടി  ..

തിങ്ങി നിറഞ്ഞ ശകടത്തിൽ 
തൂങ്ങിയാടുന്ന നിസ്സഹായതയിൽ 
അധിനിവേശങ്ങളെ ഭയന്ന് 
ദേഹം ചുരുണ്ടൊളിക്കുമ്പോൾ 
കാത്തോളണേ എന്ന് നെഞ്ചിടിപ്പ്  !
എന്തും പറയാനൊരാൾ ..!

അറിയാതെത്തിയ ചോരപ്പാടിൽ 
ഭയന്ന് വിളറിയ നിൽപ്പിൽ ,
"നീ പെണ്ണായെന്ന്‌ ;"
സൂക്ഷിക്കണമെന്നും! 
ആരെയെന്നറിയാതമ്പരന്ന്  ..

എന്തായാലെന്ത്- 
കാത്തോളുമല്ലോ  ..

കച്ചവടമുറപ്പിച്ച്‌ 
അയാളുടെ വീട്ടുകാർ 
പടിയിറങ്ങുമ്പോൾ ,
പഠിച്ചാളാവാനാവില്ലെന്നു  
വിതുമ്പുമ്പോൾ ,
രക്ഷിക്കണേ എന്നാർത്തു 
നടയിൽ വീഴുമ്പോൾ  
ആശിച്ചു കൈവിടില്ലെന്ന് ..

ഭാരമൊഴിപ്പിച്ച് കുടിയിറക്കി വീട്ടുകാർ !
ദൈവാധീനമാണെന്ന് നാട്ടുകാർ !
വലതുകാൽ വച്ച് കയറണമെന്ന് ..
ഭഗവതിയാണത്രെ -
കുടിയിരുത്താൻ !
-- ദൈവത്തോടടുത്ത്  ..

കച്ചവടത്തിലെ കണക്കുപിശകിൽ 
പിന്നത് മൂധേവിയായതും  ;
വിലവീണ്ടും പേശിയതും ..

സിരകളെ പുണർന്ന് പാഞ്ഞ 
വേദനയിൽ 
അനാഥയായി 
ആരുമില്ലാത്തിടത്ത് ,

അലറി !ദൈവമേ എന്ന് !..

ഇടങ്ങളിൽ നിന്ന് 
കുടിയിറക്കിയവരെ തിരഞ്ഞലഞ്ഞ്
ഒടുവിൽ ..
  
"നീ പെണ്ണാണെന്ന് -
നിനക്ക് അശുദ്ധി എന്ന് -
കുത്തിവച്ചത് ,
നിന്നെ വിറ്റത് ,
നിന്നെ വാങ്ങിയത് ,
ശാപവാക്കുകൾ കൂരമ്പായെറിഞ്ഞത് ,
കവിളിൽ തിണർത്ത പാടേകിയത് ,
കാൽക്കീഴിൽ ഞെരിച്ചമർത്തിയത് ,
സഹനം ഭൂഷണമെന്ന് പറഞ്ഞ്  
മുഖം തിരിച്ചത് ,
ആരുമല്ലാതാക്കിയത് ,
ആരുമില്ലാതാക്കിയത് .."

ഒന്ന് പോലും 
ദൈവമല്ലെന്ന 
ഉൾവിളിയിൽ 
ഭഗവതി പടിയിറങ്ങി ..

മനുഷ്യനെ തിരഞ്ഞ് ..

 -published in 2018

No comments: