Friday, July 20, 2012

കാഴ്ചകള്‍ ഒന്നുമില്ല

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.
നരച്ച ആകാശം,
അതിലെവിടെയോ വിളറിച്ചിരിച്ച് ,
കിഴവനെപ്പോലെ,
നര വീണ മിഴികളാല്‍ ഭൂമിയെ തിരഞ്ഞ്, സൂര്യന്‍.

സ്വന്തമായി ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടി,
ചുട്ടുപൊള്ളി, ഭൂമി,
മജ്ജ തുളഞ്ഞിറങ്ങിയ കുഴല്കളുമായി
മരണാസന്നയായി ആശുപത്രിക്കിടക്കയില്‍;
ഊറ്റിയെടുത്ത ജീവജലം വിറ്റ്
മതിയോടെ മദിച്ച മനുഷ്യന്റെ തടവില്‍.

നിറമില്ലാത്ത ഇലകളുമായി
അനാഥരെ പോല്‍ മരപ്രേതങ്ങള്‍
കണക്കുപുസ്തകം വരച്ചൊരുക്കിയ വഴികളില്‍
സമയനിഷ്ടയോടെ ഇറ്റുന്ന
അമൃത കണങ്ങള്‍ കാത്ത്.

ചൂടില്‍ നിന്ന് ചൂടിലേക്ക്
ചൂടും കൊണ്ടോടുന്ന
അനുസരണയില്ലാത്ത തന്തോന്നിക്കാറ്റ്.

ഒട്ടും ആവശ്യമില്ലാത്ത ചിറകുകളും തൂക്കി,
ശീതീകരണ യന്ത്രങ്ങളില്‍ ചേക്കേറി,‍
പാടാനും പറക്കാനുമാവാതെ
ഉഷ്ണത്തിന് അടയിരിക്കുന്ന  പറവകള്‍  

ഭൂമിയെ തൊടാത്ത സൂര്യനെ നോക്കാത്ത
ഇലകള്‍ തലോടാത്ത കുളിര്‍ കാറ്റ് കൊള്ളാത്ത
കിളിനാദം കേള്‍കാത്ത കുറെ യന്ത്ര മനുഷ്യര്‍
ശകടങ്ങളില്‍ നിന്നു ശകടങ്ങളിലെക്ക്.

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.  


(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)